2009, ജൂലൈ 19, ഞായറാഴ്‌ച

ആ‍ര്ക്കുമറിയാത്തത്!

!


ഇപ്പോള്‍ അത് സാധാരണമായിരിക്കുന്നു
ബദാമിലകള്‍ പോലെ മഞ്ഞില്‍
നനഞ്ഞു ചീര്‍ത്ത്
വെയിലില്‍ ഉണങ്ങി കരുവാളിച്ച്

ആരും കാണാത്തയിടങ്ങളിലോ
കച്ചറകൂനയിലോ
ഉപേക്ഷിക്കപ്പെട്ട നിലയില്‍
കാലാവസ്ഥ പോലും
കണക്കാക്കി പറയുന്നവര്‍
ഉണ്ണിയപ്പത്തിന്റെ
റസിപ്പിക്കുപോലും
ഫോണ്‍ ചെയ്യുന്നവര്‍
അതിനെ കുറിച്ചു മാത്രം
ആര്‍ക്കുമൊന്നും അറിയാത്തപോലെ
പരിചിതമായ വഴികള്‍
എവിടെ പോയി എന്ന്
അതിശയിക്കും
പാര്‍ക്കിലെ സ്ഥിരം ഇരിപ്പിടങ്ങള്‍
ഊഹാപോഹങ്ങള്‍ക്ക്
തീ കൊളുത്തി
മിണ്ടാതെയിരിക്കും
കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്
ആകാശം ഞെങ്ങി ഞെരുങ്ങി
എത്തി നോക്കും
പച്ചയും മഞ്ഞയും ചുവപ്പും മാറി മാറി
തെളിഞ്ഞതറിയാത്ത മട്ടില്‍
പുല്‍ത്തക്കിടിയിലെ പ്രാവുകള്‍
അരിമണിക്കായുള്ള തിരച്ചില്‍
തുടരും
ഒന്നിനും ഒരു മാറ്റവും ഉണ്ടാവില്ല
പിറ്റേന്ന് തന്നെ ചുവന്ന
ബോഗണ്‍ വില്ല പടര്‍പ്പുള്ള
വീട്ടില്‍ ചെന്ന് മുട്ടി വിളിച്ച്
ചോദിച്ചാല്‍
അറിയില്ലെന്ന് ചുമരുകള്‍പോലും
മുഖം തിരിക്കും!


NOTE
{ദുബായില് ഇടക്കിടെ നടക്കുന്ന ദുരൂഹതകള്
ബാക്കിയാക്കുന്ന മരണങ്ങളെ കുറിച്ച് }

2009, ജൂലൈ 12, ഞായറാഴ്‌ച

കവിജന്മം



ഒരു കവിക്ക് മുങ്ങിമരിക്കാന്
അരക്കോപ്പ ചായ മതി
ഈച്ചയെപോലെ വട്ടമിട്ട് പറന്ന്
അവന് അല്ലെങ്കില് അവള്
എങ്ങിനെയെങ്കിലും അതില്
വന്ന് വീണിരിക്കും
ലോകത്തോട് കാലത്തോട്
യാതൊരു ബാധ്യതയുമില്ലാതെ
കണ്ണാടിക്കൂട്ടിലെ പലഹാരങ്ങള് പോലെ
ഒരുപക്ഷേ പ്രണയം മെഴുക്കൊലിപ്പിച്ച്
മാടി വിളിച്ചിരിക്കാം
അല്ലെങ്കില് പുതിയൊരു കാവ്യബിംബം
കണ്ടെത്താനുള്ള
സാഹസത്തിനിടയിലാവാം
കുഞ്ജന് നന്വ്യാര് മരിച്ചത്
ഹാസ്യബോധം തീരെയില്ലാത്ത
ഒരു പാണ്ടന് നായകടിച്ചാണ്
ജലമൂറുന്ന നാക്കുനീട്ടി
കിതച്ച് കിതച്ചെത്തിയ മരണം
ഇടപ്പള്ളിയുടെത് തൂങ്ങിമരണം
അവിചാരിതമായി തൊട്ടികിണറ്റില്
വീണപോലെ
ചിലന്വിച്ചൊരൊച്ച മാത്രം
കേള്പ്പിച്ചു കൊണ്ട്
ചില ചന്ദ്രികമാര്‍ക്ക്
പറഞ്ഞ് ചിരിക്കാനായി
ചങ്ങന്വുഴ പ്രണയത്തിന്റ്
വീഞ്ഞില് കുറെശ്ശെയായി അലിഞ്ഞലിഞ്ഞ്
സില്വിയപ്ലാത്തിനെയോര്‍മ്മ വരികയാണ്
എന്തിനാണ് സ്വപ്നങ്ങളുടെ കവി
മരണത്തെ തീക്ഷ്ണതയാര്‍ന്ന
കോളാന്വിപൂക്കളാക്കി
മാറ്റിയത്
മഞ്ഞുകാലത്ത്
ഒരു നെരിപ്പോടായെങ്കിലും
ആരുടെയെങ്കിലും മനസ്സില്
ഓര്‍മ്മിക്കപ്പെടാനോ?
മരണമെന്നാല്
ധീരമായിരിക്കണം
നെഞ്ചു വിരിച്ച്
മുഖമൂടിയില്ലാതെ
ഹുക്ക വലിക്കുന്ന
ലാഘവത്തിലെന്ന്
സദ്ദാം തെളിയിച്ചു
മരണത്തിന്റ് കുളക്കടവില്
കാലും മുഖവും കഴുകി
കയറിയ ലീലാമേനോന്
ശ്രീവിദ്യയെ പോലെ
മുഖശ്രീയുള്ള മരണത്തെ
പ്രാ‍പിച്ചവര്
മരിക്കാന് ചുരുങ്ങിയത്
ഒരു കടലെങ്കിലും വേണം
അല്ലെങ്കില് എയിഡ്സ്
അത്സിമേഷ്സ്
കേള്ക്കാന് സുഖമുള്ള
ഏതെങ്കിലുമൊന്ന്
അല്ലാതെ ഇത്തിരി
ജലത്തില് ഇങ്ങനെ
ഉത്തരവാദിത്വമില്ലാതെ
ചത്തുമലക്കാന് ഞാനില്ല!

2009, ജൂലൈ 3, വെള്ളിയാഴ്‌ച

ഭൂമിയുടെ മുറിവ്


പണ്ട് ഞങ്ങള്‍ നാട്ടിന്‍ പുറത്തെ
കുട്ടികള്‍
ഉപ്പുവെച്ച് കളിക്കുമായിരുന്നു


വടക്കേപ്പുറത്തെ മുരിങ്ങമരത്തിന്റെ
അഴിഞ്ഞുലഞ്ഞ
സ്വാതന്ത്ര്യത്തിന്‍ നിഴലില്‍
വരിക്കപ്ലാവിന്റെ അമ്മിഞ്ഞകള്‍ക്കടിയില്‍

ചേമ്പിലയുടെ നുണക്കുഴികള്‍ക്കിടയില്‍
അങ്ങിനെ ആരും കാണാത്ത
ചെറിയ ചെറിയ ഇടങ്ങളില്‍
ഉപ്പുകൂനകള്‍
കൂട്ടുകാര്‍ കണ്ടുപിടിക്കുമ്പോള്‍
ഞാന്‍ വിതുമ്പുകയും വഴക്കടിക്കുകയും
ചെയ്യും
ശംഖുപുഷ്പംപോലത്തെ
നുണക്കുഴികളുള്ള സൈനബ
കളിയാക്കും
ഈ കുട്ടിക്ക് ഒന്നും അറിയില്ലെന്ന്
പറയും
ശരിക്കും അറിയില്ലായിരുന്നു
വെളുത്ത ഷമ്മീസില്‍
പറ്റിയത് ഞാവല്‍ പഴത്തിന്റെ
കറയല്ലെന്ന്
ഉപ്പുവെച്ചു കളിക്കുന്നയിടങ്ങളെല്ലാം
എന്നെന്നും ഒളിപ്പിക്കാനാവില്ലെന്ന്
ക്ലാസിലെന്നും സൈനബ
പിന്നിലെ ബഞ്ചിലായിരുന്നു
പെരുക്ക പട്ടികയറിയാത്തതിന്
രാഘവന്‍ മാഷെന്നും തുടക്ക് നുള്ളി
ചെവിപിടിച്ചു ഞെരിച്ചു
ഏഴില്‍ തോറ്റതോടെ നിക്കാഹും
കഴിഞ്ഞു
ഞങ്ങളെല്ലാവരും
ഉപ്പുവെച്ചുകളി ഇ-നെറ്റിലും
ഇ-മെയിലിലുമാക്കി
തൊട്ടില്‍ വളപ്പിന്റെയും
നാരങ്ങതൊടിയുടെയും
മണങ്ങള്‍ മറന്നു
ഇലകള്‍ മഞ്ഞ പൂക്കള്‍
പച്ചയെന്ന് മാറ്റി പാടി

ഇന്നലെയാണെന്ന് തോന്നുന്നു
ചാനലുകളുടെ പ്രളയത്തില്‍
സൈനബയെ കണ്ടത്
കോടതി വളപ്പില്‍
അവള്‍ ഉപ്പുവെച്ചു കളിക്കുന്നു
മൊഴി പലവട്ടം മാറ്റുന്നു
പേര് സൈനബ കാര്‍ത്തിക
ബേബി ………………….നിശ്ചയമില്ലാത്ത പോലെ
ഒന്ന്, രണ്ട്, മൂന്ന് ഉപ്പു കൂനകള്‍
എണ്ണുന്നു
കൊല്ലത്ത് കാസര്‍കോഡ്
കോടമ്പാക്കത്ത്
കണക്ക് വീണ്ടും തെറ്റുന്നു
രാഘവന്മാഷിന്റെ
നീണ്ടു വരുന്ന
വിരലുകള്‍
അവളുടെ ഒക്കത്തിരുന്ന്
മുഷിഞ്ഞ കണക്കുപുസ്തകം പോലെ
ആകാശം കാണുന്ന ഒരു കുഞ്ഞ്
ചുവന്ന തട്ടം ഒന്നുകൂടി വലിച്ചിട്ട്
അവള്‍ ഉറപ്പിക്കുന്നു
നാല്പ്പത്തിയാറ്
നാല്പ്പത്തിയാറ്
ഒരു വട്ടം
രണ്ടു വട്ടം
ഉപ്പു കൂനകളുടയുന്നു
നനഞ്ഞ കവിളില്‍
തെളിയുന്നു
ആ നുണക്കുഴി
ഭൂമിയുടെ മുറിവുപോലെ………………………….

note
------
ഉപ്പു വെച്ചു കളി ---- ഞങ്ങള്‍
കുട്ടികള്‍ പണ്ട് കളിച്ചിരുന്നത്
വീടിനു പിറകിലും മറ്റും
മണ്‍ കൂനകള്‍ ഉണ്ടാക്കി വെക്കും
അതു കൂട്ടുകാര്‍ കണ്ടു പിടിക്കണം
പിന്നെയും കണ്ടുപിടിക്കാത്തത്
കൂടുതലുള്ളവര്‍ ഒന്നാമതാവും

ആമി...


ആമി……. നിന്നെ കുറിച്ചെഴുതുന്വോള് എനിക്കോര്‍മ്മ വരുന്നത്
നീര്‍മാതളമല്ല നീലാംബരിയല്ല

ഒരുപാട് നിറഭേദങ്ങള്‍ക്ക് ശേഷം
നീയെടുത്തണിഞ്ഞ ആ കറുത്ത
കുപ്പായമാണ്

എത്ര പകലിന്റ് നിറചിരികള്

എത്ര സന്ധ്യകളുടെ പ്രണയ ചുവപ്പ്
എത്ര രാത്രികളുടെ
വിരഹ കറുപ്പ്
അതിലൊളിപ്പിച്ചിരിക്കാം നീ
പ്രണയത്തിന്റ്, ശൂന്യതയുടെ
അനന്തമായ കാത്തിരിപ്പിന്റ്
കറുത്ത് മാനം പോലെ
നിന്റ് നീളന് കുപ്പായം
ഞങ്ങളെയെന്നും അലോസരപ്പെടുത്തി

ഒടുവില് ചന്ദനമരങ്ങള്‍ക്കിടയിലെവിടെയോ
മറയുന്നതുവരെയും
ആ കറുപ്പില് നീ മറഞ്ഞിരുന്നു
എന്തൊക്കെയോ പറയാനുള്ളതു പോലെ
ഒന്നും പറയാത്ത ഉള്‍ക്കട മോഹങ്ങളുടെ
കറുപ്പായി

നീയുപേക്ഷിച്ച്
നടന്നുപോയ പകലുകള്‍ക്കും
സന്ധ്യകള്‍ക്കുമിന്ന്
കറുപ്പു നിറം
എന്തിന് പ്രണയത്തിന്റ്
നിറം പോലുമിന്ന്
കറുപ്പായിമാറിയിരിക്കുന്നു