2010, ഡിസംബർ 9, വ്യാഴാഴ്‌ച

എന്റെ മണ്‍പാത്രം






മൂന്ന് മുഴകള്‍
സദാചാരത്തിന്റെ
തുറുകണ്ണുകള്‍ പോലെ
വേരോടെ പിഴുതെടുക്കാന്‍ പറഞ്ഞു
ഡോക്ടര്‍മാര്‍

അറുത്തുമാറ്റാന്‍ എങ്ങിനെ കഴിയും
ജീവിതത്തിന്റെ
മധുരക്കനികളേന്തിയാ ശിഖരങ്ങളെ

പ്രണയമെന്തെന്നറിയാത്ത
-വനെറിഞ്ഞ
വിത്തും
കനിവോടെ ഏറ്റുവാങ്ങിയാ
മണ്ണിന്റെ നേരിനെ

ആദ്യമായ് വെളുത്ത ഷമ്മീസില്‍
വാകപൂചിരിയായ് പടര്‍ന്നതും
പിന്നീട് എത്ര
ഋതുഭേദങ്ങള്‍
അറിയാ വസന്തങ്ങള്‍
തീമഴ പെയ്ത സന്ധ്യകള്‍

തുടച്ചെടുക്കാന്‍ കഴിയില്ല
എത്ര ശ്രമിച്ചാലും അതിലെ
നോവിന്‍ വരകള്‍
പ്രണയപ്പാടുകള്‍
പിത്രുത്വം അവകാശപ്പെടാനില്ലാതെ
പോയ ബീജ സങ്കടങ്ങള്‍
ഭോഗ പരീക്ഷകള്‍

* * * * * * * * * * * * * * * *

ആശുപത്രിയുടെ തണുത്ത
വരാന്തയിലൂടെയുള്ള
ഇരുള്‍ മൂടിയ മടക്കയാത്രയില്‍
മൂന്ന് മുലക്കണ്ണുകള്‍ ചിരിക്കുന്ന
ഇനിയും വിശപ്പടങ്ങാത്ത
ബയോസ്പിപാത്രത്തെ നോക്കി
ഞാന്‍ പറഞ്ഞു
കൊണ്ടുപോകുന്നു കൂടെ

നനവൂറുന്നയീ മണ്‍പാത്രത്തെ

ജീവിച്ചിരിക്കുന്നുണ്ടെന്ന്
സ്വയം
വിശ്വസിപ്പിക്കാന്‍
എനിക്ക് ഇടക്കൊന്ന് ചുവക്കണം!








5 അഭിപ്രായങ്ങൾ:

  1. കവിതയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലതന്നെ,
    ഒരു പൂര്‍ണ്ണചിത്രം വര്‍ച്ചിരിക്കുന്നു അക്ഷരങ്ങളാല്‍.

    ഇഷ്ടമായ്.

    (പിതൃത്വം)

    മറുപടിഇല്ലാതാക്കൂ
  2. കവിത സുന്ദരം.

    എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം.

    മറുപടിഇല്ലാതാക്കൂ
  3. സ്ത്രീകള്‍ പറയാന്‍ ഇഷ്ടപ്പെടാത്ത കാര്യം ഇത്ര സുന്ദരമായി വിവരിച്ചു കണ്ടിട്ടില്ല...അതിമനോഹരമീ വരികള്‍ " ആദ്യമായ് വെളുത്ത ഷമ്മീസില്‍
    വാകപൂചിരിയായ് പടര്‍ന്നതും
    പിന്നീട് എത്ര ഋതുഭേദങ്ങള്‍
    അറിയാ വസന്തങ്ങള്‍
    തീമഴ പെയ്ത സന്ധ്യകള്‍.." എനിക്കിഷ്ടപ്പെട്ടു ......

    മറുപടിഇല്ലാതാക്കൂ